മൂന്നോ നാലോ പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാറിലെത്തിയ കൊലയാളികൾ ആദ്യം ചന്തു റാത്തോഡിന് നേരെ മുളകുപൊടിയെറിഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
നേതാവിനെ വെടിവച്ചിട്ടയുടൻ കൊലയാളികൾ കാറിൽ കയറി രക്ഷപ്പെട്ടു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് ചന്തു റാത്തോഡ്. ദേവരുപ്പലയിലെ സി പി ഐ (എം എൽ) നേതാവായ രാജേഷുമായി തന്റെ ഭർത്താവിന് ശത്രുതയുണ്ടെന്ന് ചന്തു റാത്തോഡിന്റെ ഭാര്യ ആരോപിച്ചു. ഇതൊരു രാഷ്ട്രീയ കൊലപാതകമാകാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലയാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.