സതീശൻ അയയുന്നില്ല; അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം തൽക്കാലം നടക്കില്ലെന്ന് സൂചന



മലപ്പുറം: ഇക്കഴിഞ്ഞ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളോട് ചേരാതെ ഒറ്റക്ക് മത്സരിച്ച് 20000​ത്തോളം വോട്ട് നേടിയിട്ടും മുൻ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനം അനിശ്ചിതത്വത്തിൽ. നിലമ്പൂരിൽ നല്ല പ്രകടനം നടത്തിയതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യു.ഡി.എഫ് പ്രവേശനം തൽക്കാലം സാധ്യമാകില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. അന്‍വറിനോടുള്ള നിലപാട് തെല്ലും മയപ്പെടുത്താത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടാണ് ഇപ്പോൾ അൻവറിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നത്.

അടുത്ത വെള്ളിയാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. നേരത്തേ, അനുകൂല നിലപാട് സ്വീകരിച്ച മുസ്‍ലിം ലീഗും ഇപ്പോൾ ഒന്നും പറയുന്നില്ല. അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഘടകകക്ഷികളുടെയും നിലപാട്. മുമ്പ് പറഞ്ഞതെല്ലാം തിരുത്തി വന്നാല്‍ മാത്രമേ അൻവറിനെ യു.ഡി.എഫില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നാണ് മുന്നണിക്കകത്തെ പൊതുവികാരം.

പലവട്ടം പ്രസ്താവനകൾ നടത്തി യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നേരെ തെരഞ്ഞെടുപ്പ് വേളയില്‍ കടുത്ത വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് അന്‍വറിനെ അനുകൂലിച്ചിരുന്ന നേതാക്കള്‍ പോലും കൈവിടുന്ന നിലപാടിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും നേരത്തേ പറഞ്ഞ തീക്ഷ്ണ വാക്കുകൾ തന്നെയാണ് അൻവറിനെതിരെ തിരിഞ്ഞു കുത്തുന്നത്.
Previous Post Next Post