തിരുവനന്തപുരം: ട്രാക്ടറില്‍ നിയമവിരുദ്ധമായി ശബരിമലയില്‍ എത്തിയ എഡിജിപി എംആര്‍ അജിത് കുമാറിന് വിഐപി ദര്‍ശനത്തിനും സൗകര്യമൊരുക്കി. ഹരിവരാസന സമയത്ത് മറ്റു ഭക്തര്‍ക്ക് ദര്‍ശനം കിട്ടാത്ത വിധം മുന്നില്‍ നിന്ന അജിത് കുമാറിന് പ്രത്യേക പരിഗണന നൽകി അവിടെ നിൽക്കാൻ അനുവദിക്കുകയും അദ്ദേഹത്തിൻ്റെ പിറകിലൂടെ മറ്റ് ഭക്തരെ പൊലീസ് പിടിച്ചു മാറ്റുകയുമായിരുന്നു. നിയമവിരുദ്ധമായി ആറ് മിനിറ്റ് നേരം അജിത് കുമാര്‍ നടയ്ക്ക് മുന്നില്‍ നിന്നു.
പൊലീസ് സംരക്ഷത്തിലാണ് അജിത് കുമാര്‍ ദര്‍ശനത്തിനായി മുന്നിലെത്തിയതെന്നാണ് വിവരം. നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന ലഭിച്ച ഘട്ടത്തില്‍ ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവകരമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.