മീശയും താടിയും വടിച്ചില്ല; പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം





വയനാട്: കണിയാമ്പറ്റ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. മീശയും താടിയും വടിച്ചില്ലെന്നു പറഞ്ഞാണ് വിദ്യാർഥിയെ മർദിച്ചത്. പരുക്കേറ്റ വൈത്തിരി പുതുശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷയാസിന്‍റെ നടുവിന് ചവിട്ടേൽക്കുകയും പിൻ കഴുത്തിലും കൈകാലുകളിലും പരുക്കേൽക്കുകയും ചെയ്തു. മറ്റ് ഡിപ്പാർട്ട്മെന്‍റുകളിലെ വിദ്യാർഥികളാണ് കൂട്ടം ചേർന്ന് മർദിച്ചതെന്ന് ഷയാസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് സയൻസ് വിഭാഗത്തിൽ ഷയാസ് പ്രവേശനം നേടിയത്.

ആദ്യ ദിവസം താടിയും മീശയും വടിക്കാൻ ആവശ്യപ്പെട്ടു. ഭയം മൂലം താടി വടിച്ചാണ് ക്ലാസിൽ പോയത്. മീശ വടിക്കാത്തത് ചോദ്യം ചെയ്താണ് ഭീഷണിപ്പെടുത്തിയത്. ഷർട്ടിന്‍റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൂട്ടം ചേർന്ന് മർദിച്ചതെന്ന് ഷയാസ് പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അമ്മ സഫീല പറഞ്ഞു.
Previous Post Next Post