
കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ക്രിസ്റ്റഫർ മരിച്ചു. 55 ശതമാനത്തിലധികം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ മേരി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ അയൽവാസി ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീകൊളുത്തിയ വില്യം ആക്രമണത്തിന് പിന്നാലെ തൂങ്ങി മരിച്ചിരുന്നു.
തീ കൊളുത്തിയതിന് പിന്നില്‍ പകയും വൈരാഗ്യവുമെന്നാണ് പൊലീസ് പറയുന്നത്. ഒറ്റക്ക് താമസിക്കുന്ന അയല്‍വാസി വില്ല്യമിനെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതോടെയായിരുന്നു കൊല്ലാനുള്ള തീരുമാനം.
സംഭവ ദിവസം രാത്രി ചാത്യാത്ത് പള്ളിയിലെ പെരുന്നാള്‍ കഴിഞ്ഞ് തിരികെ വന്ന ക്രിസ്റ്റഫറും ഭാര്യയും ഇടവഴിയിലൂടെ സ്കൂട്ടര്‍ ഓടിച്ചപ്പോള്‍ വീടിന്‍റെ മതിലിനപ്പുറം നിന്ന് വില്യം ഇരുവര്‍ക്കും നേരെ കവറില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയായിരുന്നു. പൊടുന്നനെ തീയിട്ടു. സ്കൂട്ടര്‍ ഓടിച്ച ക്രിസ്റ്റഫറിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യയുടെ സാരിയില്‍ തീ പിടിച്ചെങ്കിലും അയല്‍വാസികള്‍ ചേര്‍ന്ന് കെടുത്തി. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് വില്യം വീട്ടിൽ കയറി വാതിലടച്ചു. പൊലീസെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് വില്യമിനെ അകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്.