കുട്ടികളില്‍ വിര ശല്യം സാധാരണമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നാണ് കുട്ടികളില്‍ വിരശല്യമുണ്ടാകാറുള്ളത്. മരുന്ന് കഴിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആ പ്രശ്നത്തിന് പരിഹാരം കാണാറാണ് പതിവ്. എന്നാല്‍, അസാധാരണമായ ഒരു സംഭവമാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടി കഴിഞ്ഞ ഒരു മാസമായി ഛർദ്ദിക്കുന്നത് ജീവനുള്ള വിരകളെയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്‌ഷൗ സിറ്റിയിൽ നിന്നുള്ള എട്ടുവയസ്സുകാരിയാണ് ദുരിതജീവിതം നയിച്ചത്. ഏതാണ്ട് ഒരു മാസത്തോളം നടത്തിയ പരിശോധനയ്ക്കൊടുവില്‍ വീട്ടിന് സമീപത്തുള്ള വെള്ളത്തിൽ നിന്നുള്ള ഡ്രെയിൻ ഈച്ചയുടെ ലാർവകളാണ് കുട്ടിയുടെ വിര ശല്യത്തിന് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.
ജിയാങ്‌സുവിലെ സൂചോ സർവകലാശാലയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ ഷാങ് ബിംഗ്ബിംഗ് ആണ് വിരയുടെ ഉറവിടം കണ്ടെത്തിയത്. അദ്ദേഹം വിരയുടെ സാമ്പിൾ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലേക്ക് അയക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു.
അവിടെ നടന്ന പരിശോധനയിലാണ് മോത്ത് ഈച്ച എന്ന് അറിയപ്പെടുന്ന ഡ്രെയിൻ ഈച്ചയുടെ ലാർവയെയാണ് കുട്ടി ഛർദ്ദിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. വീടുകളിലെ ഡ്രെയിനേജുകൾ, കുളിമുറികൾ, അടുക്കള തുടങ്ങി ഇരുണ്ട ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. മലിനമായ വെള്ളവുമായുള്ള സമ്പർക്കത്തിലൂടെയാണ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് വിരകൾ പ്രവേശിച്ചത് എന്നാണ് ഒടുവിലെ കണ്ടെത്തൽ.