പിഎം കുസും പദ്ധതി അഴിമതിയിൽ കൂടുതൽ തെളിവുമായി ചെന്നിത്തല…


        
പിഎം കുസും പദ്ധതിയിൽ അനർടിൽ നടന്നത് ആസൂത്രിത അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താൻ ലക്ഷ്യമിട്ട് സ്വപ്ന സുരേഷിൻ്റേതിന് സമാനമായ നിയമനങ്ങൾ അനർട്ടിനും ആഗോള കമ്പനിയായ ഏ‍ർണസ്റ്റ് ആൻ്റ് യങ് (ഇ.വൈ) ഇടയിൽ നടന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. അനർട് സിഇഒ നരേന്ദ്ര നാഥ് വെല്ലൂരിയുടെ അസിസ്റ്റൻ്റായ പി വിനയ് ഏ‍ർണസ്റ്റ് ആൻ്റ് യങ് കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലിക്ക് ചേർന്നതും പിന്നീട് അനർടുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ചുമതലയിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്

സ്പേസ് പാർക്കിൽ സ്വപ്ന സുരേഷ് കൾസൾട്ടന്റായി വന്നതിന് സമാനമാണ് ഈ നിയമനമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അനർട് സിഇഒ നരേന്ദ്ര നാഥ് വെല്ലൂരിയുടെ വിശ്വസ്തനാണ് ഇപ്പോൾ അനർടിൻ്റെ ചുമതല വഹിക്കുന്ന ഇവൈയുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് വിനയ് എന്ന് അദ്ദേഹം പറയുന്നു. 2025 ഏപ്രിൽ നാലിനാണ് പി വിനയ് അനർടിലെ ജോലിയിൽ നിന്ന് വിടുതൽ വാങ്ങിയത്. തൊട്ടടുത്ത ദിവസം വിനയ് ഇ.വൈയിൽ ജോലിക്ക് ചേർന്നു. അന്ന് ഇവൈ കമ്പനി ഡയറക്ടർ അനർട്ട് സിഇഒയ്ക്ക് അയച്ച ഇമെയിലിൽ അനർട്ടുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കാൻ വിനയ് പിയെ ചുമതലപ്പെടുത്തിയതായി അറിയിച്ച് ഇമെയിൽ സന്ദേശം അയച്ചുവെന്നും തെളിവ് സഹിതം രമേശ് ചെന്നിത്തല പറയുന്നു. ടെണ്ടറിങ് പ്രൊസസിൽ സഹായിക്കാനെന്ന പേരിലുള്ള വിനയുടെ നിയമനം കോർപറേറ്റ് എത്തിക്സ് പ്രകാരമുള്ള കൂളിങ് പിരീഡ് പാലിക്കാതെയാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു


അനർട്ടുമായി ബന്ധപ്പെട്ട് സ്‌മാർട് സിറ്റി സോളാർ ഇൻസ്റ്റലേഷനിലും വൻ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന തലസ്ഥാനത്ത് നടപ്പാക്കിയ 514 സോളാർ ഇൻസ്റ്റലേഷൻ പദ്ധതികളിൽ ഒരേ പദ്ധതിക്ക് അമ്പത് ശതമാനം വരെ തുക വ്യത്യാസം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനർട് അഴിമതി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

        

Previous Post Next Post