സ്കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ല.. സമസ്തയെ ബോധ്യപ്പെടുത്താൻ സർക്കാർ..


സ്കൂൾ സമയമാറ്റം വിവാദമായതോടെ, കോടതിവിധിയും വിദ്യാഭ്യാസനിയമങ്ങളും വിശദീകരിച്ച് സമസ്തയുൾപ്പെടെയുള്ള സംഘടനകളെ ബോധ്യപ്പെടുത്താൻ സർക്കാർ. മുഖ്യമന്ത്രി മടങ്ങിവന്നശേഷം ചർച്ച ആലോചിക്കുമെന്നും സംശയമുള്ള എല്ലാവരെയും വിളിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.

ചിലർ തെറ്റിദ്ധരിച്ചതുപോലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ സമയമാറ്റമില്ല. ഹൈസ്കൂളിൽ മാത്രമേ അരമണിക്കൂർ അധികപഠനമുള്ളൂ. കോടതിവിധിയനുസരിച്ച് പുറത്തിറക്കിയതാണ് സ്കൂൾ വിദ്യാഭ്യാസ കലണ്ടർ. പൊതുവിദ്യാഭ്യാസവകുപ്പ് രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തിയതിൽ സമസ്തയുടെയും പിന്തുണയുണ്ടെന്ന്‌ പ്രശംസിച്ച മന്ത്രി അത്‌ ഇനിയും ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസനിയമങ്ങൾ മാറ്റണമെങ്കിൽ നിയമസഭയിൽ ഭേദഗതിവരുത്തണം. കോടതിവിധിയിലും വിദ്യാഭ്യാസനിയമങ്ങളിലും ചർച്ചയില്ല. നിയമമനുസരിച്ച് സമയമാറ്റം പുനരാലോചിക്കാനാവില്ല. നിയമപ്രശ്നങ്ങളും കോടതിവിധിയും ബോധ്യപ്പെടുത്തും -മന്ത്രി പറഞ്ഞു.

താൻ ആരെയും വെല്ലുവിളിച്ചിട്ടില്ല, കഴിഞ്ഞവർഷം ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ കലണ്ടറിനെതിരേ കോടതിയിൽപ്പോയത് കോൺഗ്രസിന്റെയും മുസ്‍‍ലിംലീഗിന്റെയും അധ്യാപകസംഘടനകളായിരുന്നു. യുഡിഎഫ് ഭരണകാലത്ത് രാവിലെയും വൈകീട്ടും അരമണിക്കൂർവീതം സമയം കൂട്ടിയപ്പോൾ ഒരു വിവാദവുമുണ്ടായില്ല -മന്ത്രി പറഞ്ഞു.


Previous Post Next Post