ഔദ്യോഗിക സോഷ്യൽ മീഡിയസെൽ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി സിപിഎം. എംവി നികേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സെല്ലിൻറെ നിർദ്ദേശങ്ങൾ ഇതുവരെ പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ല. സംസ്ഥാന സമിതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും സ്വതന്ത്ര പ്രൊഫൈലുകളുടെ പ്രചാരണം. സിപിഎമ്മിന് പാർട്ടി പത്രവും ചാനലുമുണ്ട്. എന്നാൽ അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യൽമീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്ന് സിപിഎം വിലയിരുത്തിയിട്ടും അതിനുള്ള നടപടി തുടങ്ങിയിട്ടും നാളെറെയായി
ചിതറിക്കിടക്കുന്ന ഇടത് അനുഭാവ പ്രഫൈലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രത്യേക സംവിധാനത്തിന് പദ്ധതിയിട്ടത്. മുഴുവൻ സമയ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് പാർട്ടി ചട്ടക്കൂട്ടിലേക്ക് എത്തിയ എംവി നികേഷ് കുമാറിനെ ചുമതലയും ഏൽപ്പിച്ചു. 50 ഓളം ഓൺലൈൻ മാധ്യമങ്ങളുടെ ശൃംഖല തീര്‍ത്ത് സര്‍ക്കാര്‍ അനുകൂല പ്രചാരണം അടക്കം പ്രത്യേക ടീം തയ്യാറാക്കിയ പദ്ധതിയോ, നൽകിയ ബജറ്റോ പാർട്ടി അന്തിമ അംഗീകാരത്തിന് എടുത്തിട്ടില്ലെന്നാണ് വിവരം. മാത്രമല്ല തുടക്കം മുതൽ ടീമിലുണ്ടായിരുന്ന ചിലർ വിട്ട് പോകുന്ന സ്ഥിതിയുമുണ്ടായി. ഇതെല്ലാം നിലനിൽക്കെയാണ് പതിനായിരം സ്വതന്ത്ര പ്രൊഫൈലുകളെ കണ്ടെത്താനും അവരെ പാർട്ടിയുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കാനും പദ്ധതി രൂപീകരിക്കുന്നത്.