
വില കുറച്ചു നിര്‍ത്തുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്ന ആമസോണ്‍, അമേരിക്കയിലെ അവരുടെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സാധനങ്ങളുടെ വില രഹസ്യമായി കൂട്ടി. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കാണ് വില വര്‍ദ്ധിച്ചത്. വാള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയ ശേഷം വില കൂട്ടിയത് അമേരിക്കയില്‍ വിവാദമായിരിക്കുകയാണ്. ഏപ്രിലില്‍, വിലകള്‍ കുറച്ച് നിലനിര്‍ത്തുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇ-കൊമേഴ്സ് ഡാറ്റാ സ്ഥാപനമായ ട്രജെക്റ്റ് ഡാറ്റയുടെ കണക്കുകള്‍ പ്രകാരം, ആമസോണ്‍ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ 1,200 ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെയും വില ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഇതേസമയം, അവരുടെ പ്രധാന എതിരാളിയായ വാള്‍മാര്‍ട്ട് ഇതേ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകദേശം 2% വില കുറയ്ക്കുകയും ചെയ്തു. താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ നീക്കം.
ജനുവരി 20 നും ജൂലൈ 1 നും ഇടയില്‍ ഏകദേശം 2,500 ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചപ്പോള്‍, ഡിയോഡ്രന്റ്, പ്രോട്ടീന്‍ ഷേക്കുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിചരണത്തിനുള്ള സാധനങ്ങള്‍ തുടങ്ങിയ വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ആമസോണ്‍ വില കൂട്ടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങള്‍ പല കമ്പനികള്‍ക്കും കൂടുതല്‍ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുണ്ട്. ഈ ഭാരം പല കമ്പനികളും സാധനങ്ങളുടെ വില കൂട്ടി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. കഴിഞ്ഞ ജൂണില്‍ അമേരിക്കയിലെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ‘മെയ്ഡ് ഇന്‍ യു.എസ്.എ’ എന്ന് രേഖപ്പെടുത്തിയ, രാജ്യത്ത് തന്നെ നിര്‍മ്മിച്ച സാധനങ്ങള്‍ക്ക് പോലും വില കൂടിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്കും, ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് കൂട്ടിച്ചേര്‍ത്ത സാധനങ്ങള്‍ക്കും ഇതിലും വലിയ വിലക്കയറ്റം ഉണ്ടായി.