ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടി: ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ


        

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ്‌ നടത്താനാകും.


പെൻഷൻ വിതരണം തുടങ്ങി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌.

ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്. 

Previous Post Next Post