
കോഴിക്കോട് എളേറ്റിൽ വട്ടോളിക്ക് സമീപം പാലങ്ങാട് വെച്ച് ഇന്ന് വൈകുന്നേരം സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ട് പേർ സ്കൂൾ വിദ്യാർത്ഥികളാണ്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുകളുള്ള മറ്റ് യാത്രക്കാരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.
ഒരു പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. ബസ് മറിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനുകൾ ബസിനു മുകളിലേക്ക് വീണത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി. തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് ബസ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.