ജില്ലാ പഞ്ചായത്ത് അംഗത്തെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്. മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടിപി ഹാരിസാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ ഹാരിസ് 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഹാരിസ് പണം കൈക്കലാക്കിയത്. തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. മക്കരപറമ്പ് ഡിവിഷൻ അംഗമായ ഹാരിസിന് പണം നല്‍കിയെന്നും ഇതുവരെ തിരിച്ചുകിട്ടിയില്ലെന്നും കാട്ടി ആറുപേരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.25 കോടി രൂപയിലധികം ടി പി ഹാരിസ് പലരില്‍നിന്നായി തട്ടിയെടുത്തതായാണ് പരാതി.
പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്‍ലിം ലീഗിന്‍റെ പ്രാഥമിക അംഗത്തില്‍ നിന്ന് ഹാരിസിനെ പുറത്താക്കിയിരുന്നു. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ഹാരിസ് യൂത്ത് ലീഗിന്‍റെ ജില്ലാ ജോയിന്‍റ് സെക്രട്ടറി കൂടിയായിരുന്നു. വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് ഹാരിസ് മുംബൈയില്‍ വെച്ച് പൊലീസ് പിടിയിലാകുന്നത്.