മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ചു; 27കാരന് ദാരുണാന്ത്യം


മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരുനാട് സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്. അപകട ശേഷം കാറോടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്

കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് പേരും കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ഇവർ ഉപേക്ഷിച്ച് പോയ കാറിനകത്ത് മദ്യക്കുപ്പികളും ഗ്ലാസും വെള്ളവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചുവെന്നാണ് പൊലീസിൻ്റെ നിഗമനം.

നന്ദു മോഹനൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറിൽ നിന്ന് ഇറങ്ങിയോടിയവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവർ എങ്ങോട്ട് പോയെന്നറിയാൻ സിസിടിവികൾ അടക്കം പരിശോധിക്കും.

Previous Post Next Post