ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ച് സൈന്യം


ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരർ ഇതിനോടകം കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. ഇവരാരൊക്കെയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഇന്നലെ രാത്രി മുതലാണ് കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യം അതിശക്തമായി തിരിച്ചടിച്ചു.

മൂന്ന് ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇവരിൽ രണ്ട് പേരെ വധിച്ചു. മൂന്നാമത്തെയാളെ കീഴ്പ്പെടുത്താൻ ഏറ്റുമുട്ടൽ തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇന്നലെ രാത്രി കുൽഗാമിൽ തുടങ്ങിയത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഭാഗമായ ഭീകരരെ വധിച്ച ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള ഈ ദൗത്യം ഓപ്പറേഷൻ അഖൽ എന്നാണ് പേരിട്ടിരിക്കുന്നത്.

Previous Post Next Post