ജമ്മു: ജമ്മു കശ്മീരിൽ രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയെത്തുടർന്നുണ്ടായ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 41 ആയി. ജമ്മുവിൽ ബുധനാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 380 മില്ലിമീറ്റർ മഴയാണു പെയ്തത്. 115 വർഷത്തിനിടെ ജമ്മുവിലുണ്ടാകുന്ന ഏറ്റവും വലിയ പേമാരിയാണ്.
ജമ്മുവിലെ നദികളിൽ ജലനിരപ്പ് കുറയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും അനന്ത്നാഗിലും ശ്രീനഗറിലും ഝലം നദി പ്രളയ മുന്നറിയിപ്പ് മറികടന്ന് ഝലം നദിയിൽ ജലമുയർന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജമ്മുവിലേക്കും കത്രയിലേക്കുമുള്ളതും ഇവിടെ നിന്നു പുറപ്പെടുന്നതുമായ 58 ട്രെയ്‌നുകൾ റദ്ദാക്കി. 64 ട്രെയ്‌നുകൾ വെട്ടിച്ചുരുക്കി.