മാങ്ങാനത്ത് വില്ലയിൽ നിന്ന് 50 പവൻ കവർച്ച ചെയ്ത കേസിൽ ഉത്തരേന്ത്യൻ സംഘത്തെ സംശയം: ഇവർ ജില്ല വിട്ടിട്ടില്ലെന്നാണ് സൂചന:


കോട്ടയം: മാങ്ങാനത്ത് വൃദ്ധയും മകളും താമസിക്കുന്ന വീട് കുത്തിപ്പൊളിച്ച്‌ 50 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അപാര മെയ്‌വഴക്കമുള്ളവരും അഭ്യാസികളുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇവർക്ക് ഉയരമുള്ള മതില്‍ ചാടിക്കടക്കാൻ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് നിഗമനം. മാങ്ങാനം പാംസ് വില്ലയില്‍ അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ (84) വീട്ടില്‍ നിന്നാണ് 50 പവനും പണവും കവർന്നത്.

വീടിന്റെ മുൻ വാതില്‍ തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. അന്നമ്മ തോമസ്, മകള്‍ സ്‌നേഹ ഫിലിപ്പ് (54) എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അന്നമ്മ മകളെ കൂട്ടി ആശുപത്രിയില്‍ പോയിരുന്നു. പുലർച്ചെ ആറോടെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷണ സംഘം ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കോട്ടയം ഡിവെെഎസ്‌പിയുടെ നേതൃത്വത്തില്‍ 15 അംഗ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

മോഷണം നടന്ന സമയത്ത് സ്ഥലത്തെ ടവറുകളിലൂടെ കടന്നുപോയിട്ടുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ആയിരത്തോളം ഫോണ്‍ കോളുകളാണ് മോഷണം നടന്ന സ്ഥലത്തെ ടവറിലൂടെ രാത്രി 11 മുതല്‍ പുലർച്ചെ വരെയുള്ള സമയത്ത് കടന്നുപോയിട്ടുള്ളത്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയാണ്.
മെലിഞ്ഞ ശരീരമുള്ള നാലുപേരുടെയും ബാഗുമായി എത്തുന്ന ഒരാളുടെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് അടുത്തുള്ള നഗരങ്ങളിലെത്തി കവർച്ച നടത്തി അതിവേഗം കടന്നുകളയുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ ചിത്രം റെയില്‍വേ പൊലീസിന് കെെമാറിയിട്ടുണ്ട്. മോഷണം നടന്ന സ്ഥലത്തെ മറ്റ് വില്ലകളുടെ പരിസരങ്ങളിലും മോഷ്ടാക്കളെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് മോഷ്ടാവിന്റെതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് ലഭിച്ചു. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Previous Post Next Post