
കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യസംഭരണിയില്‍ 61 കാരി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിയായ ശാന്തയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി മന്നാംകാല പാലക്കാട്ടേല്‍ വീട്ടില്‍ രാജേഷ് (41) ആണ് പിടിയിലായത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ രാജേഷിനെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നാണ് പിടികൂടിയത്. ബെംഗളുരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് എന്ന് പൊലീസ് അറിയിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പ്രതിയെ ഊന്നുകല്ലിലേക്ക് കൊണ്ടുപോകും.
ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന്‍ പരാതി നല്‍കിയിരുന്നു.
വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവര്‍ ധരിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നഷ്ടമായിട്ടുണ്ട്. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം.
ശാന്തയുടെ ബന്ധുക്കള്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വച്ച് ശനിയാഴ്ചയാണ് മൃതദേഹം ശാന്തയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ അന്നോ പിറ്റേന്നോ കൊലപാതകം നടന്നിട്ടുണ്ടാകുമെന്നാണ് അനുമാനം. വര്‍ക്ക് ഏരിയയില്‍ മാലിന്യക്കുഴിയുടെ മാന്‍ഹോളില്‍ കാണാനാകാത്ത വിധത്തിലായിരുന്നു മൃതദേഹം ഒളിപ്പിച്ചിരുന്നത്. അഞ്ച് അടിയിലേറെ താഴ്ചയുള്ള കുഴിയാണിത്. എയര്‍ പൈപ്പ് വഴി ദുര്‍ഗന്ധം പുറത്തേക്ക് പരന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.