കുവൈത്ത് വിഷമദ്യ ദുരന്തം: 63 പേർ ചികിത്സയിലെന്ന് സ്ഥിരീകരണം, കൂടുതലും മലയാളികളെന്ന് സൂചന, 13 പേര്‍ മരിച്ചു


കുവൈത്ത് സിറ്റി വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു. വിവിധ ആശുപത്രികളിലായി 63 പേർ ചികിത്സയിലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.

ദുരന്തത്തിൽപ്പെട്ടവരിൽ നാൽപതോളം പേർ ഇന്ത്യക്കാരാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി. നാട്ടിലെ കുടുംബത്തിന് ബന്ധപ്പെടാൻ ഹെൽപ് ലൈൻ സജ്ജം. ദുരന്തത്തിന് ഇരയായവരുട ബന്ധുക്കൾ  965 65501587 എന്ന നമ്പറിൽ വാട്സാപ്പിലോ അല്ലെങ്കിൽ നേരിട്ടോ വിളിക്കാമെന്നും എംബസി അറിയിച്ചു.

മരിച്ചവരിൽ 10 പേർ ഇന്ത്യക്കാരും 2 പേർ നേപ്പാൾ സ്വദേശികളുമാണെന്നാണ് സൂചന. അതേസമയം എത്ര പേരാണ് മരിച്ചതെന്നല്ലാതെ ഏതൊക്കെ രാജ്യക്കാരാണ് എന്നതിനെക്കുറിച്ച് അധികൃതർ സ്‌ഥിരീകരണം നൽകിയിട്ടില്ല.

പ്രാദേശികമായി നിർമിച്ച മദ്യം വാങ്ങി കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്‌ച മുതലാണ് പ്രവാസി തൊഴിലാളികൾ ഗുരുതരാവസ്ഥയിലായത്. വിവിധ രാജ്യക്കാരായ 63 പേർക്കാണ് അദാൻ, ഫർവാനിയ ഉൾപ്പെടെയുള്ള ആശുപ്രതികളിൽ ചികിൽസ നൽകിയതെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം.

ഒരേ സ്‌ഥലത്ത് നിന്ന് മദ്യം വാങ്ങി വിവിധ സ്ഥലങ്ങളിൽ വച്ച് കഴിച്ചവരാണ് അപകടത്തിൽപ്പെട്ടത്. അൽ ഷുയൂഖ ബ്ലോക്ക് നാലിൽ നിന്നാണ് മദ്യം വാങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

വിഷമദ്യം കഴിച്ചതിനെ തുടർന്ന് കിഡ്‌നി ഡയാലിസിസിന് വിധേയരായവരും വെന്റിലേറ്ററിൽ കഴിയുന്നവരുമുണ്ട്. സ്ഥിരമായും ഭാഗികമായും കാഴ്ച‌ നഷ്‌ടപ്പെട്ടവരും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. എല്ലാവർക്കും മികച്ച പരിചരണം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Previous Post Next Post