അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് വയോധികയുടെ കാലിലൂടെ കയറിയിറങ്ങി അപകടം നടന്നതോടെ പരിശോധനയുമായി മോട്ടോർവാഹനവകുപ്പ് രംഗത്ത്. രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് 100-ൽ അധികം ബസുകൾ പരിശോധിച്ചതിൽ 64 ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. 75,000 രൂപ പിഴയായി ലഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുരുതരമായ ക്രമക്കേടുകളാണ് ബസുകളിൽ കണ്ടെത്തിയതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ 10 ബസ്, സ്പീഡ് ഗവർണർ പ്രവർത്തിക്കാത്ത 10 ബസ്, എയർ ഹോൺ ഘടിപ്പിച്ച മൂന്ന് ബസ്, ട്രിപ്പ് ഇടയ്ക്കു നിർത്തിയ നാല് ബസ്, വാതിൽ മതിയായ രീതിയിൽ പ്രവർത്തിക്കാത്ത മൂന്ന് ബസ് എന്നിവയ്‌ക്കെതിരേയും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ജീവനക്കാർ യൂണിഫോം ധരിക്കാത്തത്, കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിനും ഉൾപ്പെടെയാണ് പിഴ ചുമത്തിയത്.
തലയോലപ്പറമ്പ് സ്റ്റാൻഡിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ചില ബസുകൾ സ്റ്റാൻഡിലേക്കുള്ള വരവ് ഒഴിവാക്കി പള്ളിക്കവലയിൽനിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കുപോയി.
തുടർന്ന് ഉദ്യോഗസ്ഥർ പള്ളിക്കവലയിൽ എത്തി പരിശോധന നടത്തി. കോട്ടയം എൻഫോഴ്സ്‌മെന്റ് ആർടിഒ കെ.ഷിബുവിന്റെ നിർദേശം അനുസരിച്ച് എംവിഐ എം.കെ.മനോജ്കുമാർ, പി.ജി.സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.