
ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ മുട്ട വിളമ്പുന്നതിനെതിരെ പ്രതിഷേധിച്ച് 84 വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി. കർണാടക ആലക്കെരെയിലുള്ള ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ശിവനെ ആരാധിക്കുന്ന ലിംഗായത്ത് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് സ്‌കൂൾ വിട്ടത്. ശിവക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളിൽ മുട്ട പാകം ചെയ്യുന്നതിനെ അവരുടെ മാതാപിതാക്കൾ എതിർത്തിരുന്നു.
തുമകുരു ജില്ലയിലെ തിപ്തൂർ ബ്ലോക്കിലുള്ള ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ ഉച്ചഭക്ഷണത്തെച്ചൊല്ലി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും ഇടയിൽ വളരെക്കാലമായി സംഭവം പുകയുകയായിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കർണാടക സർക്കാർ വിദ്യാർഥികൾക്ക് വേവിച്ച മുട്ട, വാഴപ്പഴം അല്ലെങ്കിൽ ചിക്കി എന്നിവ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ഈ സ്‌കൂളിൽ 124 വിദ്യാർത്ഥികളുണ്ടെന്ന് മാണ്ഡ്യ എം.എൽ.എ രവികുമാർ ഗൗഡ പറഞ്ഞു.
‘നാൽപ്പത് ശതമാനം വിദ്യാർഥികളും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരാണ്. അവർ പുഴുങ്ങിയ മുട്ടയെ എതിർക്കുന്നു. ബാക്കി 60 ശതമാനം പേർ വോക്കലിംഗ, പട്ടികജാതി സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഉച്ചഭക്ഷണത്തിൽ മുട്ട കഴിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്ന് സർക്കാർ നിർദേശിച്ചു.
84 വിദ്യാർഥികളുടെ രക്ഷിതാക്കൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി അവരുടെ കുട്ടികളെ സമീപ ഗ്രാമങ്ങളിലെ മറ്റ് പൊതുവിദ്യാലയങ്ങളിൽ ചേർത്തു. ലിംഗായത്തുകൾ മുട്ട കഴിക്കാത്ത കടുത്ത സസ്യാഹാരികളാണ്’- ഗൗഡ സംഭവം വിവരിച്ചു. തദ്ദേശ ഭരണകൂടവും സ്കൂൾ അധികൃതരും രക്ഷിതാക്കളും ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ‘മാതാപിതാക്കളുടെ മനോഭാവം മാറ്റാൻ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതേസമയം, നിയമത്തിനെതിരായും പ്രവർത്തിക്കാൻ കഴിയില്ല. കുട്ടികൾക്ക് നൽകുന്നത് പുഴുങ്ങിയ മുട്ടയോ വാഴപ്പഴമോ ചിക്കിയോ ആയിരിക്കണമെന്നത് നിയമമാണ്’ എന്നും ഗൗഡ പറഞ്ഞു.
കുട്ടിയുടെ ഭക്ഷണ മുൻഗണനക്കായി പ്രവേശന സമയത്ത് മാതാപിതാക്കളുടെ അനുമതി തേടാൻ തീരുമാനിച്ചിട്ടുണ്ടെന്നും അത്തരം വിഷയങ്ങളിൽ മാതാപിതാക്കളുടെ അനുമതി ഉണ്ടായിരിക്കുന്നതാണ് നല്ലതെന്നും കർണാടക സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
അതേസമയം കർണാടകയിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിവച്ചിരുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ബംഗാരപ്പ ആരോപണങ്ങൾ നിഷേധിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് മുട്ട നൽകുന്നതിന് അസിം പ്രേംജി ഫൗണ്ടേഷൻ മൂന്ന് വർഷത്തേക്ക് ₹1,500 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ബിജെപി എംഎൽഎ എൻ. രവികുമാർ നിയമസഭയെ അറിയിച്ചു. എന്നിരുന്നാലും, സ്കൂളുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ കുട്ടികൾക്ക് മുട്ട ലഭിക്കുന്നില്ലന്ന് കണ്ടെത്തിയിരുന്നു.