റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം വലിച്ചുകീറി; തേങ്ങാ മോഷ്ടിച്ചെന്ന ആരോപിച്ച് യുവതിക്ക് ക്രൂര മർദ്ദനം


തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി. റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി സ്വദേശി ജിഷ്മ ആരോപിച്ചു. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് ജിഷ്മ ആരോപിച്ചത്.മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവരാണ് ഉപദ്രവിച്ചതെന്ന് ജിഷ്മ പറഞ്ഞു. താൻ ഉരുണ്ട് റോഡിലേക്ക് വീണെന്ന് കരഞ്ഞുകൊണ്ട് അവർ പറയുന്നു. ‘ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങൾക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടില്ലെന്നു പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി. റോഡിലൂടെ വലിച്ചിഴച്ചു. ഭർത്താവിന്റെ പേരിൽ കേസുകൊടുക്കുമെന്ന് പറഞ്ഞു’, ജിഷ്മ പറയുന്നു.

ആരൊക്കെയാണ് ആക്രമിച്ചതെന്നതടക്കം പൊലീസിൽ പരാതി നൽകിയതാണെന്നും അവർക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു. തേങ്ങാ മോഷണത്തിനെതിരെ ആദിവാസി ജനതയെ കുറ്റവിചാരണ ചെയ്യുന്ന കമ്മിറ്റി പ്രദേശത്ത് പരസ്യമായി പ്രവർത്തിച്ചിട്ടും അതിനെതിരെ പോലും നടപടി ഉണ്ടായിട്ടില്ലെന്ന ആരോപണവും ഗുരുതരമാണ്.

Previous Post Next Post