
സഹോദരിയെ ശല്യപ്പെടുത്തിയ യുവാവിനെ കുത്തിക്കൊന്ന് സഹോദരൻ. സഹോദരിയുടെ പിറന്നാൾ കേക്ക് മുറിക്കാൻ ഉപയോഗിച്ച അതേ കത്തിയാണ് 21കാരൻ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. അനിൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അഭിഷേക് ടിംഗ എന്ന 21കാരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
അനിൽ, അഭിഷേകിന്‍റെ സഹോദരിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. വിവാഹത്തിന് സമ്മതിച്ചാൽ സ്വർണ്ണവും വെള്ളിയും നൽകാമെന്നായിരുന്നു വാഗ്ദാനം. തന്നെ അനിൽ ശല്യം ചെയ്യുന്നുവെന്ന് യുവതി സഹോദരനോട് പറഞ്ഞു.
ഇതോടെ രോഷാകുലനായ അഭിഷേക് അനിലിനെ കൊലപ്പെടുത്താൻ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആലോചന നടത്തി. ഓൺലൈനായി അഞ്ച് കത്തികൾ ഓർഡർ ചെയ്തു. അനിലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും തുടങ്ങി. അനിൽ മദ്യപിക്കുന്നതായി വിവരം ലഭിച്ചതോടെ വെള്ളിയാഴ്ച അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം എത്തി കുത്തിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് പിന്നാലെ സംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഉപയോഗിച്ച അതേ കത്തിയാണ് കൊലപാതകത്തിന് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അങ്കിത് സോണി പറഞ്ഞു.