കെകെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി സി സദാനന്ദൻ


തൻ്റെ കാലുകൾ വെട്ടിയ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് പോകും മുൻപ് യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ട് സിപിഎം നേതാവും എംഎൽഎയുമായ കെകെ ശൈലജക്കെതിരെ സി സദാനന്ദൻ എംപിയുടെ വിമർശനം. ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയതും അതിൽ മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തതും ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു

എംഎൽഎ എന്നുള്ള നിലയിൽ ശൈലജ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തത് ദൗർഭാഗ്യകരമാണ്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനമാണ് കെ കെ ശൈലജ സ്വീകരിച്ചതെന്ന് പ്രതീക്ഷിച്ചാൽ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയിൽ നിലവിലെ സ്ഥിതി സമാധാനപരമാണ്. മുൻപ് നടന്ന അക്രമങ്ങളെ പറ്റി ചർച്ച ചെയ്യുന്നില്ല. തന്നെ ആക്രമിച്ച കേസിൽ നീതി ലഭിക്കാൻ വൈകിയെന്ന തോന്നലുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം ആളുകളാണ് സ്ത്രീകൾക്കും ദളിതർക്കും വേണ്ടി വാതോരാതെ സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു

ആര്‍എസ്എസ് നേതാവ് സി സദാനന്ദൻ വധശ്രമ കേസിലെ പ്രതികളെ ജയിലിലേക്ക് യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ ശൈലജ എത്തിയത്. പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കീഴടങ്ങാൻ പോകുന്ന പ്രതികൾക്കായി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കേസിൽ 30 വർഷത്തിന് ശേഷമാണ് പ്രതികൾ ജയിലിൽ കീഴടങ്ങിയത്. സിപിഎമ്മുകാരായ എട്ട് പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷാവിധിക്കെതിരെ പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ഇത്ര കാലം കേസിൽ അപ്പീൽ നൽകി ജാമ്യത്തിൽ കഴിയുകയായിരുന്നു.

أحدث أقدم