റെയില്‍വെ ട്രാക്കിൽ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിൻ പോകുന്നതിന് തൊട്ടുമുമ്പ്...





മലപ്പുറം തിരുനാവായയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി. തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിൻ എത്തുന്ന സമയത്താണ് ട്രാക്കിൽ കമ്പി കണ്ടെത്തിയത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് കമ്പി കണ്ടെത്തി ട്രാക്കിൽ നിന്ന് മാറ്റിയതിനാലാണ് വലിയ അപകടമൊഴിവായത്. കമ്പി ട്രാക്കിലിട്ട ആന്ധ്രാപ്രദേശ് സ്വദേശിയെ തിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം.

കുറ്റിപ്പുറത്തിനും തിരൂരിനും ഇടയിലുള്ള റെയില്‍വെ സ്റ്റേഷനാണ് തിരുനാവായ. തിരുനാവായ റെയില്‍വെ സ്റ്റേഷന് സമീപത്താണ് ട്രാക്കിൽ രണ്ട് ഇരുമ്പ് കമ്പികള്‍ കണ്ടെത്തിയത്. പഴയ കെട്ടിടത്തിൽ നിന്നൊക്കെ പൊളിച്ച് ഒഴിവാക്കുന്ന തുരുമ്പിച്ച കമ്പികളാണ് കണ്ടെത്തിയത്. 

കമ്പി വെച്ചതിന് സമീപത്ത് വെച്ച് തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നൽകിയത്. റെയില്‍വെ പൊലീസ് പ്രതിയെ തിരൂര്‍ പൊലീസിന് കൈമാറി. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഇരുമ്പു കമ്പികള്‍ ട്രാക്കിൽ കൊണ്ടുപോയി വെക്കാനുണ്ടായ കാര്യമടക്കം പൊലീസ് അന്വേഷിച്ചവരുകയാണ്.
Previous Post Next Post