തലയും കൈകാലുകളും കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹഭാഗങ്ങള്‍ അടങ്ങിയ ഏഴ് പ്ലാസ്റ്റിക് ബാഗുകള്‍ ആദ്യം വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ തലയും മറ്റ് ഭാഗങ്ങളും അടങ്ങിയ ഏഴ് ബാഗുകള്‍ കൂടി കണ്ടെത്തുകയായിരുന്നു.
യുവതിയെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് തിരച്ചില്‍ നടത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.കാറിലെത്തിയാണ് കൊലപാതകികള്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സമീപപ്രദേശങ്ങളില്‍ നിന്നാണ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ മറ്റ് എവിടയോ വച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗവും കണ്ടെടുക്കാനായിട്ടില്ല.