വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

ആലപ്പുഴ: അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തയിട്ടുണ്ട്. ഇരുപതോളം അസ്ഥികൂടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇവ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്ത് വരികയാണ്.

ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചും ബിന്ദു പത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധന നടത്തും. ഇതിനു പു‌റമേ ഐഷ എന്ന യുവതിയെയും കാണാതായിട്ടുണ്ട്. കുടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.

ചേർത്തലയിൽ നിന്നും കാണാതായ സ്ത്രീളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ, നിർണായക തെളിവുകൾ എന്നിവ ഇവിടെ നിന്നും കണ്ടെത്താനായേക്കുമെന്നാണ് പൊലീസിനെ കണക്കുകൂട്ടൽ. രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ ഉൾപ്പെടുന്ന കുളത്തിലും ചതുപ്പ് നിലങ്ങളിലുമടക്കം പരിശോധന നടത്തും. മാത്രമല്ല, വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് നിരത്തിയ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്.

ജൈനമ്മയെ കാണാതായ കേസിൽ നടത്തിയ തെരച്ചിലിൽ ലഭിച്ച അവശിഷ്ടങ്ങളാണ് കൂടുതൽ കൊലപാതകങ്ങൾ നടന്നതായുള്ള സംശയം ജനിപ്പിച്ചത്. പറമ്പിൽ നിന്ന് ലഭിച്ച പഴക്കമുള്ള തലയോട്ടികൾ, കമ്പിയിട്ട പല്ലുകൾ എന്നിവയാണ് സംശയത്തിനിടയാക്കിയത്. ജൈനമ്മയുടെ പല്ലിൽ കമ്പിയിട്ടിരുന്നില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറഞ്ഞു. ഇതാണ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാൻ കാരണം.

Previous Post Next Post