
പത്തനംതിട്ട: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്ന് തന്നെ പ്രാഥമിക നടപടിയെടുക്കും. പരാതിയുമായി അധ്യാപികയുടെ കുടുംബം തന്നെ കാണാനായി എത്തിയതാണ്. ശമ്പളം നൽകണമെന്ന് നിർദ്ദേശം നൽകിയതുമാണ്. ആരുടെ ഭാഗത്താണ് വീഴ്ച എന്ന് പരിശോധിക്കും. വീഴ്ചയ്ക്ക് കാരണം ഓരോ സീറ്റിലും ഇരിക്കുന്നവരാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയുടെ 14 വർഷത്തെ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ തുടർനടപടി എടുത്തില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മകൻ്റെ ഉന്നത വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലാണ് ഷിജോ ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ ചുവപ്പുനാട കുരുക്ക് മകൻറെ ജീവനെടുത്തുവെന്നാണ് ത്യാഗരാജൻ പറയുന്നത്. നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിൽ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ ജോലിയിൽ കയറുന്നത്. മുൻപ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തർക്കം കോടതി കയറി ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നൽകണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ നൽകിയതാണ്. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.