തൃശ്ശൂർ അരിസ്റ്റോ റോഡ് വിവാദം; ഡെപ്യൂട്ടി മേയർ സ്ഥാപിച്ച ഫലകം തകർത്തു


ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്ത തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു. വാഹനം ഇടിച്ചാണ് തകർത്തത്. ഇത് അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇന്ന് അഞ്ച് മണിയോടെ ആയിരുന്നു ഡെപ്യൂട്ടി മേയർ ആദ്യം ഉദ്ഘാ‌ടനം നിർവഹിച്ച തൃശ്ശൂർ അരിസ്റ്റോ റോഡ് മന്ത്രി ആർ ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്തത്.

ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാൻ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. തുടർന്ന് മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം റോഡിന് മറുവശത്തായി കോർപറേഷൻ സജ്ജീകരിക്കുകയായിരുന്നു. കോർപ്പറേഷന്റെ വാഹനം ഇടിപ്പിച്ചാണ് ഡെപ്യൂട്ടി മേയർ സ്ഥാപിച്ച ഫലകം തകർത്തതെന്ന് ദൃക്സാക്ഷി പറ‍ഞ്ഞു. തകർത്ത ഫലകം അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തതായി ഇയാൾ പറഞ്ഞു.

ഡെപ്യൂട്ടി മേയർ എംഎൽ റോസിയാണ് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആദ്യം റോഡ് ഉദ്ഘാടനം ചെയ്തിരുന്നത്. മേയറുടെയും ഭരണസമിതിയുടെയും താത്‌പര്യത്തിന് വിരുദ്ധമായി ഡെപ്യൂട്ടി മേയർ എംഎൽ റോസി റോഡ്‌ ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. ഇതേ റോഡ് ഇന്ന് മന്ത്രിയെത്തി വീണ്ടും ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ഉദ്ഘാടന ചടങ്ങിൽ എംഎൽ റോസി വിശിഷ്ടാതിഥിയായാണ് എത്തിയത്.

أحدث أقدم