സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു...


 



കോട്ടയം: സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വ. വി.കെ. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈക്കത്ത് നടന്നു വന്ന സിപിഐ ജില്ലാ സമ്മേളനം ഏകകണ്ഠമായാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. എഐടിയുസി ജില്ലാ സെക്രട്ടറി പദവിയിൽ നിന്നുമാണ് സന്തോഷ് കുമാർ പാർട്ടി ജില്ലാ സെക്രട്ടറി എന്ന പുതിയ പദവി ഏറ്റെടുക്കുന്നത്. ഏറെക്കാലം പാർട്ടി ജില്ലാ അസി. സെക്രട്ടറിയായും, പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായുമുള്ള പ്രവർത്തന പരിചയം പുതിയ പദവിയിൽ അദ്ദേഹത്തിന് മുതൽക്കൂട്ടാവും.

1978 ൽ പ്ലാശനാൽ സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ആയിട്ടാണ് അഡ്വ. വി.കെ. സന്തോഷ് കുമാർ സംഘടന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് എഐഎസ് എഫിന്‍റെ ജില്ലാ സെക്രട്ടറിയായ അദ്ദേഹം നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. സമര പരമ്പരകളിൽ പോലിസ് മർദനമടക്കം ഏൽക്കേണ്ടി വന്നു. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഉയർത്തി അക്കാലത്ത് എഐവൈഎഫ് നടത്തിയ സമരത്തിൽ മുന്നണി പോരാളിയായിരുന്നു സന്തോഷ്. ജില്ലയിലെ യുവജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച അദ്ദേഹം എഐവൈഎഫ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പാലാ, പൂഞ്ഞാർ മണ്ഡലങ്ങളും കടുത്തുരുത്തി പഞ്ചായത്തിലെ ചില പഞ്ചായത്തുകളും ഉൾപ്പെടെയുള്ള പാർട്ടി മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ അസി. സെക്രട്ടറിയായി പ്രവർത്തിച്ചു. 14 വർഷക്കാലം സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് 10 വർഷക്കാലം പാർട്ടി ജില്ലാ അസി. സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആണ്. ട്രേഡ് യൂണിയൻ രംഗത്ത് നിറസാന്നിധ്യമായ സന്തോഷ് നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയും, ദേശീയ കൗൺസിൽ അംഗവും ആണ്. മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്‍റ്, മീനച്ചിൽ മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡന്‍റ്, സപ്ലൈകോ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്‍റ്, ചുമട്ടു തൊഴിലാളി യൂണിയൻ, നിർമാണ തൊഴിലാളി യൂണിയൻ തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയും കൂടിയാണ്. നിലവിൽ സംസ്ഥാന മിനിമം വേജ്

ബോർഡ് അഡ്വൈസറി മെമ്പർ കൂടിയാണ്. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളെജിൽ നിന്നാണ് നിയമ ബിരുദം പൂർത്തിയാക്കിയത്. പൂഞ്ഞാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിരുന്ന വി.എസ്. കുട്ടപ്പന്‍റെയും ടി.കെ. പൊന്നമ്മയുടെയും

മകനാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ജീവൻ, ജീവ (വിദ്യാർഥികൾ).
Previous Post Next Post