
കാസര്‍കോട് പടന്നക്കാട് ദേശീയ പാതയിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു. ഞാണിക്കടവ് സ്വദേശിനി സുഹറയാണ് മരിച്ചത്. പടന്നക്കാട് നെഹ്‌റു കോളേജ് സമീപത്ത് വെച്ച് ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടമുണ്ടായത്. പോലീസ് ജീപ്പ് സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട കാറിൽ ഇടിക്കുകയായിരുന്നു. ഈ സമയം കാൽനടയാത്രക്കാരിയായ സുഹറ കാറിനും മതിലിനും ഇടയിൽ കുടുങ്ങിപ്പോയി. ഉടൻ തന്നെ സുഹറയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച നീലേശ്വരം സ്വദേശി ചന്ദ്രന്‍, ഭാര്യ ബേബി എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്.
അതേസമയം, വർക്കലയിലുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് (78 ) മരിച്ചത്. വർക്കലയിൽ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ജയൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിജയനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ് വിജയൻ.