
മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകൻ പി.എം മനോരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ ആദ്യം പ്രതിയല്ലാതിരുന്ന മനോരാജിനെ മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതിചേർത്തത്. കേസിൽ കോടതി വീണ്ടും വാദം കേൾക്കും. അതിന് ശേഷമായിരിക്കും ശിക്ഷാ വിധിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
2005 ആഗസ്റ്റ് ഏഴിനാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ആകെ 12 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുമുതൽ 9 വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു.