വിവാഹ ആഘോഷത്തിൽ ഭർത്താവിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം




മാമല്ലപുരം : വിവാഹ സൽക്കാരത്തിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മാമല്ലപുരത്താണ് സംഭവം. കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹാഘോഷ ചടങ്ങിനെത്തിയതായിരുന്നു ജീവയും ഭർത്താവ് ജ്ഞാനവും. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി തമിഴ് പിന്നണി ഗായകൻ വേൽമുരുകന്റെ സംഗീത നിശ സംഘടിപ്പിച്ചിരുന്നു.പാട്ടിനിടെ സദസ്സിലുള്ളവരെയും നൃത്തം ചെയ്യാനായി വേൽമുരുകൻ ക്ഷണിച്ചു. ഈ സമയത്ത് ജീവയും വേദിയിലേക്ക് നൃത്തം ചെയ്യാനായി കയറി.

വേദിയിൽ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ ജീവ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ സിപിആ നൽകിയെങ്കിലും ബോധം തിരികെ വന്നില്ല. ഇതോടെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ജീവ നൃത്തം ചെയ്യുന്നതിനു മുമ്പ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Previous Post Next Post