കായംകുളത്ത് ഭാര്യയെ കാണാതായ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി... മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കണ്ടെത്തി…





കായംകുളം : ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്.ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി രണ്ട് മാസങ്ങള്‍ കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയായിരുന്നു കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49)ജീവനൊടുക്കിയത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കണ്ണൂരില്‍ ഹോംനേഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനിയെ ചൊവ്വാഴ്ച്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്.

ജൂണ്‍ 11-ന് രാവിലെ ബാങ്കിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാബാങ്കില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇവര്‍ക്ക് ആകെ മൂന്ന് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഭാര്യയെ കണ്ടെത്താത്തതില്‍ വിനോദ് അതീവ നിരാശനായിരുന്നു. ഇതിന് പിന്നാലെ ‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വിനോദ് പങ്കുവെച്ചിരുന്നു.പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ.
أحدث أقدم