സിപിഐ ഇടതുമുന്നണി വിടണമെന്ന് തിരുവനനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ആവശ്യം. മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്നും സിപിഐഎം വലതുപക്ഷമായി കഴിഞ്ഞെന്നും വിമര്‍ശനം.മുന്നണി വിടേണ്ട സമയം കഴിഞ്ഞു. പാള കീറും പോലെ പാര്‍ട്ടിയെ കീറി എറിഞ്ഞവരാണ് സിപിഐഎമ്മുകാര്‍. സിപിഐഎം വലതുപക്ഷമായിക്കഴിഞ്ഞു. നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും .മുന്നണി ബന്ധം തുടരണോയെന്നതില്‍ പുനരാലോചന വേണം – എന്നൊക്കെയാണ് വിമര്‍ശനം. അരുവിക്കര മണ്ഡലത്തില്‍ നിന്നുളള പ്രതിനിധിയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ചര്‍ച്ചയില്‍ പരിഹസിച്ചു. ബിനോയ് വിശ്വം വെളിച്ചപ്പാടാണോയെന്നാണ് പ്രതിനിധികളുടെ ചോദ്യം. എന്തു പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഗുളിക കഴിക്കും പോലെയാണ് പ്രസ്താവനകള്‍. രാവിലെ ഒന്ന് ഉച്ചയ്ക്ക് ഒന്നു വൈകിട്ട് മറ്റൊന്ന്. ബിനോയ് വിശ്വം വെളിയത്തെയും ചന്ദ്രപ്പനെയും കണ്ടുപഠിക്കണം. സിപിഐഎം നേതാക്കളെ കാണുമ്പോള്‍ സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും മുട്ടിടിക്കും. എകെജി സെന്ററില്‍ പോയി ചായയും കുടിച്ച് കുശലം പറഞ്ഞു മടങ്ങുകയാണെന്നും പരിഹാസമുണ്ട്.
സിപിഐ തിരുവനന്തപുരം ജില്ലാ ഘടകത്തിലെ ജാതിപ്പോര് ജില്ലാ സമ്മേളനത്തിലും ഉയര്‍ന്നുവന്നു. പാര്‍ട്ടിയില്‍ ജാതി വിവേചനമെന്നായിരുന്നു വിമര്‍ശനം. സിപിഐയില്‍ ജാതി വിവേചനം ഉണ്ടെന്നത് വസ്തുത. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ദളിത് വിഭാഗത്തില്‍ നിന്നുളള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്‍ രാജനെ പോലും തരംതാഴ്ത്തുന്നു. പ്രചരണ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഒടുവിലായാണ് ചേര്‍ക്കുന്നത് –എന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇടത് മുന്നണി ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും രാഷ്ട്രീയ റിപോര്‍ട്ട് ആവശ്യപ്പെടുന്നു. രാഷ്ട്രീയ റിപോര്‍ട്ടിന്മേലുളള പൊതു ചര്‍ച്ചയില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നുവെന്നാണ് വിമര്‍ശനം.