ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, 17നും 18നും കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഇടവിട്ട നേരിയ, ഇടത്തരം, ശക്തമായ ന്യൂന മർദ്ദ മഴ/ മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതിയും ചൊവ്വാഴ്ച വരെ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദദ്ധൻ രാജീവ് എരിക്കുളം പറഞ്ഞു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചക്ക് ശേഷം മഴ ദുർബലമായേക്കും.