പട്ടിയെ വെട്ടിപ്പഠിച്ചു നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച ക്യാമ്പസ് ഫ്രണ്ടിന്റെയും ബാക്കിപത്രമാണ് എംഎസ്എഫ് എന്നഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന്റെ പ്രസംഗം വലിയ വിവാദമായിരിക്കുകയാണ്. തെരുവ് നായ്ക്കളെ വെട്ടി മുസ്ലിം സംഘടനകള്‍ ആയുധ പരിശീലനം നടത്തുന്നു എന്നത് എസ്എഫ്‌ഐ നേരത്തേയും ഉയര്‍ത്തിയ ആരോപണം. എന്നാല്‍ ഈ ആരോപണം 2012ല്‍ തന്നെ പോലീസ് അന്വേഷിച്ച് തള്ളിയതാണ്.
ഇന്ത്യന്‍ എക്‌സ്പ്രസിലെ എംപി പ്രശാന്ത് എസ്എഫ്‌ഐയുടെ ആരോപണം പോലീസ് അന്വേഷിച്ച് തള്ളിയതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സഹിതമാണ് ഈ വാര്‍ത്ത. 2012ല്‍ ഇത്തരമൊരു ആരോപണം ഉയര്‍ന്നപ്പോള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആയിരുന്ന എസ് സേതുരാമന്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
ഈ സംഘം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 30 തെരുവ് നായ്ക്കളെ പരിശോധിച്ചു. 20 വെറ്റനറി ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ തേടി. ഇതില്‍ നിന്നും വ്യക്തമായത് മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ അല്ല തെരുവ് നായ്ക്കള്‍ക്ക് പരിക്കേറ്റത് എന്നാണ്. കൂടാതെ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്തിട്ടും അത്തരമൊരു വിവരവും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. തെരുവുനായ്ക്കള്‍ തമ്മിലുള്ള കടിപിടിയിലാണ് പരിക്കേറ്റത് എന്ന നിഗമനമാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്.
പോലീസ് തന്നെ അന്വേഷിച്ച് തള്ളിയ ആരോപണമാണ് എംഎസ്എഫിന് എതിരെ എസ്ഫ്‌ഐ നേതാവ് വീണ്ടും ഉന്നയിക്കുന്നത്. ഇതിന് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.