കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ രാജ് മോഹൻ നായരുടെയും ഇന്ദിരയുടെയും മകൻ ട്ടുട്ടു എന്ന് വിളിക്കുന്ന അഭിജിത്താണ് (33 ) മരിച്ചത്. തമ്പലക്കാട് ആലപ്പാട്ട് വയലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ ദീപു അപകടത്തിൽ ഗുരുതര അവസ്ഥയിൽ മാർ സ്ലീവാ ആശുപത്രിയിൽ കഴിയുന്നു .
അപകടം നടക്കുമ്പോൾ വാഹനത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര, ആതിരയുടെ ഭർത്താവ് തെക്കേത്തുകവല വെട്ടുവേലിയിൽ വിഷ്ണു പ്രസാദ്, വിഷ്ണു പ്രസാദിന്റെ ബന്ധു പ്രണവ് ബാബു, അഭിജിത്തിന്റെ അയൽവാസി ദീപു എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.
ആതിരയുടെയുടെയും വിഷ്ണു പ്രസാദിന്റെയും വിവാഹം വ്യാഴാഴ്ച ആയിരുന്നു. ആതിരയുടെ വീട്ടിൽ നിന്നും വിഷ്ണുപ്രസാദിന്റെ ചിറക്കടവ് തെക്കേത്തുകവലയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . വിഷ്ണു പ്രസാദ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തമ്പലക്കാട് നിന്നും കാഞ്ഞിരപ്പള്ളി കുരിശുങ്കൽ വഴി, ജനറൽ ആശുപത്രി പടിയിൽ നിന്നും ചിറക്കടവ് റോഡിലേക്ക് തിരിഞ്ഞപ്പോൾ, വാഹനം നിയന്ത്രണം തെറ്റി നേരെ റോഡ് സൈഡിലേക്ക് പാഞ്ഞുകയറി സ്കാൻറോൺ ലാബിന്റെ മുൻ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ കാറിന്റെ പിൻഭാഗത്ത് വലതു വശത്തിരുന്നിരുന്ന ദീപു റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തമ്പലക്കാട് സ്വദേശിയായ ദീപു ഹോംഗ്രോൺ നഴ്സറിയിൽ ജോലി ചെയ്യുന്നു. ദീപുവിനെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാറിന്റെ ഇടതു വശത്തിരുന്ന അഭിജിത്ത് അപകടത്തിൽ മരണപെട്ടു . അഭിജിത് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു . അപകടത്തിൽ എയർ ബാഗ് തുറന്നതിനാൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്നിരുന്ന ആതിരയും വിഷ്ണു പ്രസാദും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . പിൻ സീറ്റിലെ നടുക്ക് ഇരുന്നിരുന്ന പ്രണവ് ബാബുവും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു .
അഭിജിത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ഏഴരയോടെ വീട്ടുവളപ്പിൽ നടക്കും .