
കൊച്ചി: കാന്താരാ സിനിമയുടെ ഷൂറ്റിങ്ങിനിടയിൽ മരണപ്പെട്ട മിമിക്രി കലാകാരൻ നിജു വാടാനപ്പള്ളിയുടെ കുടുംബത്തിന് ധന സഹായവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് സുരേഷ് ഗോപി നൽകിയത്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ “മാ”സെക്രട്ടറി കലാഭവൻ ഷാ ജോൺ, എക്സിക്യൂട്ടീവ് മെമ്പർ സലിം എന്നിവരാണ് തുക കൈമാറിയത്.
ജൂണില്‍ ആയിരുന്നു നിജുവിന്‍റെ മരണ വിവരം പുറത്തുവന്നത്. 43 വയസായിരുന്നു. ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ ആയിരുന്നു നിജുവിന്റെ താമസം. ഇവിടെ വച്ച് പുലർച്ചെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.