
സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്നാം ക്ലാസുകാരൻ വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ പാപിക്‌റംഗ് ഗവൺമെന്റ് റെസിഡൻഷ്യൽ സ്‌കൂളിലെ ബോയിസ് ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഷി – യോമി പൊലീസ് സൂപ്രണ്ട് എസ് കെ തോംഗ്‌ഡോക്ക് വ്യക്തമാക്കി.
ചാങ്കോ ഗ്രാമത്തിൽ നിന്നുള്ള എട്ടു വയസുകാരൻ താഷി ജെപെനാണ് മരിച്ചത്. 8വയസുകാരനായ ലൂക്കി പൂജൻ, 9കാരൻ തനു പൂജൻ, 11കാരൻ തായി പൂജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ 85 കിലോമീറ്റർ അകലെയുള്ള ജില്ലാ ആസ്ഥാനമായ താട്ടോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി മൂവരെയും ആലോയിലെ സോണൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. താട്ടോയിൽ നിന്നും 130 കിലോമീറ്റർ അകലെയാണ് ആലോ. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിലാണ് കുട്ടികളെയും കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വന്നത്
മൂവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിൽ വൈദ്യുതിയില്ലാത്ത സാഹചര്യത്തിൽ തീപിടിത്തത്തിനുള്ള കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.