തൃശ്ശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. മാര്‍ച്ചില്‍ ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിളിച്ചു പറയാന്‍ നല്ല ഒന്നാം തരം മോദി ഫാന്‍ ആയ പൊലീസുകാര്‍ ഇവിടെയുണ്ടെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. മാര്‍ച്ച് നടക്കുന്നതിന് തൊട്ടുമുന്‍പായി പൊലീസില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്.
സംസ്ഥാന പൊലീസില്‍ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാന്‍സാണ്. ഈ 60 ശതമാനം ആളുകള്‍ ബിജെപി അനുഭാവികളുമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പിണറായി വിജയനെ കാണുമ്പോള്‍ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങള്‍ സല്യൂട്ട് അടിപ്പിക്കുമെന്നും അന്ന് തന്നെ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.