ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം


തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന ആരോപണവുമായി കാട്ടാക്കട സ്വദേശിയായ യുവതി രംഗത്ത്. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി

2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മറ്റ് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവതി പറയുന്നു.

ശസ്ത്രക്രിയ നടത്തിയത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാര്‍ ആണെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു. പ്രശ്‌നം പുറത്തുപറയരുതെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

Previous Post Next Post