
കുവൈത്തിലെ അൽ ഫിർദൗസിൽ യുവാവിനെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തിൽ ഞെട്ടി രാജ്യം. മൃതദേഹം പലതവണ വാഹനം കയറിയിറങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മരണം നടന്നതായി ഓപ്പറേഷൻസ് റൂമിൽ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേനയും അന്വേഷകരും സ്ഥലത്തെത്തി. പരിശോധനയിൽ മൃതദേഹത്തിന് മുകളിലൂടെ മനഃപൂർവ്വം വാഹനം ഓടിച്ചതാണെന്ന് കണ്ടെത്തി
സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒരു ഗൾഫ് പൗരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വ്യക്തിപരമായ തർക്കത്തെ തുടർന്ന് താൻ മനഃപൂർവ്വം യുവാവിന്‍റെ ശരീരത്തിലൂടെ വാഹനം ഓടിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റാൻ ഉത്തരവിട്ടു. പ്രതിയെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു.