
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അതേസമയം, കനത്ത മഴയെത്തുടർന്ന് താമരശ്ശേരി ചുരം വീണ്ടും അടച്ചു. കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ പ്രദേശത്ത് ഇപ്പോഴും മണ്ണും കല്ലും ഇടിഞ്ഞ് വീഴുന്ന അവസ്ഥയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യവുമുണ്ട്. ചുരം കവാടം പൊലീസ് കയർ കെട്ടി അടച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുന്നു. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിഞ്ഞു പോകണമെന്നും അറിയിപ്പുണ്ട്.