പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം നടന്ന വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38), അന്തിനാട് അല്ലപ്പാറ പാലക്കുഴിക്കുന്നേൽ സ്വദേശിനി ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോമോളുടെ മകളും പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്നമോളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒൻപതരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പാലായിൽ നിന്ന് കടനാട്ടേക്ക് പോകുകയായിരുന്ന കാർ, എതിർദിശയിൽനിന്ന് വന്ന രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട രണ്ട് സ്കൂട്ടറുകളിലും സ്ത്രീകളാണ് യാത്ര ചെയ്തിരുന്നത്. മഴയത്ത് അമിത വേഗതയിലെത്തിയ കാറാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നത് ടിടിഇ വിദ്യാർത്ഥികളാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.