ആറളം ഫാം പ്രദേശത്ത് ആനയുടെ അസ്ഥികൂടവും അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. വേർപെട്ട നിലയിലുള്ള ആനയുടെ അസ്ഥികൂടമാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ലെ കോട്ടപ്പാറയ്ക്ക് സമീപം കണ്ടെത്തിയത്. അവശ നിലയിൽ സമീപത്തുണ്ടായിരുന്ന ആന കുട്ടിയ്ക്ക് മൂന്ന് വയസ് പ്രായം വരുമെന്നാണ് വിലയിരുത്തൽ.
പെട്രോളിങ്ങിനിടെ വനപാലകസംഘമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഇവിടെ നിന്നും നൂറ് മീറ്ററോളം മാറിയാണ് ആനയുടെ ചിതറിയ നിലയിലുള്ള അസ്ഥികൂടം ഉണ്ടായിരുന്നത്. കടുവ പോലുള്ള വന്യജീവിയുടെ ആക്രമണത്തിന് ഇരയായ ആനയുടെ അസ്ഥിക്കൂടമാണോ കണ്ടെത്തിയത് എന്ന് വനം വകുപ്പ് പരിശോധിക്കുകയാണ്.
എന്നാൽ, അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റു അസ്വാഭാവികതകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ടിയാനക്ക് ചികിത്സ നൽകുന്നതിനുള്ള നടപടികൾ തുടങ്ങി. തുടർ നടപടികൾക്കായി വയനാട്ടിൽനിന്ന് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്ന് ആറളത്തെത്തും.