ജിദ്ദ: സൗദിയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ തുടരുന്നു. ഇന്ന് മക്കയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും വരും ദിവസങ്ങളിലും തുടരും.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയെത്തിയിരുന്നു. ഇന്ന് മക്ക പ്രവിശ്യയിലെ മൈസാൻ, യലംലം, ത്വായിഫ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട്, അസീർ, അൽബാഹ, ജിസാൻ തുടങ്ങിയ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നു. റിയാദ്, കിഴക്കൻ അതിർത്തി പ്രദേശങ്ങൾ, അൽബാഹ, നജ്‌റാൻ തുടങ്ങിയ ഇടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. ജിസാനിലെ ഫുർസാൻ, ദർബ്, ബേഷ്, മക്കയിലെ ഖുൻഫുദ, അലിത് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ മാറ്റത്തിൻ്റെ ഭാഗമായാണ് മഴ.