നവീൻ ബാബുവിന്റെ മരണം; മന്ത്രി കെ രാജനെതിരെ പൊലീസ് റിപ്പോർട്ട്


കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെതിരെയും പരാമര്‍ശം. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുന്‍പും ശേഷവും കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിയെ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ മന്ത്രി കെ രാജനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം മന്ത്രിയോട് സംസാരിച്ചിരുന്നുവെന്നായിരുന്നു കളക്ടര്‍ പറഞ്ഞത്. ഇതിന് ശേഷമാണ് തെറ്റുപറ്റിയതായി നവീന്‍ ബാബു പറയുന്നത്. ഇക്കാര്യവും മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നു. പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നതായും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം അടങ്ങിയ കുറ്റപത്രമായിരുന്നു അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ മന്ത്രി കെ രാജന്‍ പ്രതിരോധത്തിലായി. നവീന്‍ ബാബുവിനെതിരെ കളക്ടര്‍ പരാതി നല്‍കിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. നവീന്‍ ബാബു കുറ്റം ചെയ്തിട്ടില്ലെന്നും കളക്ടറുടെ മൊഴി അവിശ്വസനീയമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ വാദങ്ങള്‍ തള്ളുന്ന വിവരങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വിവാദ സംഭവങ്ങള്‍ അരങ്ങേറിയ ശേഷമാണ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രി കെ രാജനെ ആദ്യമായി ഫോണില്‍ ബന്ധപ്പെടുന്നത്. 2024 ഒക്ടോബര്‍ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടു. പത്തൊന്‍പത് സെക്കന്‍ഡാണ് മന്ത്രിയും കളക്ടറും തമ്മില്‍ സംസാരിച്ചത്. ഇതിന് ശേഷം 6.04 നും കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടു. 210 സെക്കന്‍ഡ് ഇരുവരും സംസാരിച്ചു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ പതിനഞ്ചിനാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷവും കളക്ടര്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. പതിനഞ്ചാം തീയതി രാവിലെ 8.49നാണ് കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടത്. പത്തൊന്‍പത് സെക്കന്‍ഡ് ഇരുവരും സംസാരിച്ചു. കളക്ടറുടെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഡിആര്‍ പരിശോധിച്ചു. ഇതില്‍ കളക്ടറും മന്ത്രിയും സംസാരിച്ച കാര്യം വ്യക്തമായെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

أحدث أقدم