ചരിത്രമായി രാമായണസോപാനം




സോപാനഗായകരുടെ ആദ്യ കൂട്ടായ്മയായ സോപാന ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന രാമായണസോപാനം ഏറെ ശ്രദ്ധേയമായി.അധ്യാത്മരാമായണത്തിലെ എല്ലാ കാണ്ഢങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വരികൾ വിവിധ സോപാനഗായകർ ഇടക്കകളുടെ അകമ്പടിയോടെ പാടുക എന്നതായിരുന്നു പരിപാടി.  രാമായണം കിളിപ്പാട്ടിന്റെ ചരിത്രത്തിലും സോപാനസംഗീതത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്തരമൊരവതരണം നടക്കുന്നത്. സോപാനസംഗീതത്തിന്റെ  പുരാതന ശേഷിപ്പുകളെ അടുത്ത തലമുറക്കായി സൂക്ഷിക്കുക, സോപാനസംഗീതത്തിനും അതിന്റെ അവതാരകർക്കും സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടിയെടുക്കുക, സോപാനസംഗീതത്തിന്റെ പുത്തൻ സാധ്യതകളെ പരീക്ഷിച്ച് പ്രചരിപ്പിക്കുക,  സോപാനസംഗീതത്തിന് സിലബസും പാഠ്യപദ്ധതിയും പരിശീലനവും ഒരുക്കുക  തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾക്കായി ഞെരളത്ത് കലാശ്രമം കേന്ദ്രീകരിച്ച് രുപീകരിച്ച സോപാനഗായകരുടെ ഏറ്റവും വലിയ സംഘടനയാണ് സോപാനഗായകസംഘം ട്രസ്റ്റ്.

 തൃപ്രയാറിലെ പരിപാടിക്ക് ചെയർമാൻ നെല്ലുവായ് നന്ദകുമാർ മാരാർ, ജനറൽ സെക്രട്ടറി  ആശാ സുരേഷ് എന്നിവർ നേതൃത്വം നൽകി. ഇവരോടൊപ്പം ഇടപ്പള്ളി സലിംകുമാർ , വിനോദ് ഗുരുവായൂർ , തൃക്കപുരം രാകേഷ്, സനീഷ് പാലപ്ര , ഞെരളത്ത് ഹരിഗോവിന്ദൻ എന്നിവരുടെ രാമായണ സോപാനാവതരണത്തിന് സുപ്രസിദ്ധ ഇടക്ക കലകാരൻമാരായ ഇരിങ്ങാലക്കുട നന്ദകുമാർ, ചേന്ദമംഗലം മുകുന്ദൻമാരാർ എന്നിവർ അകമ്പടിയേകി. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയ്ക്കൊടുവിൽ  ദേവസ്വം മാനേജർ മനോജും സനാതധധർമ പാഠശാലാ പ്രവർത്തകരും ചേർന്ന് ഉപഹാരവും നൽകി.
أحدث أقدم