പാലക്കാട് ഷൊർണൂരിൽ കനത്ത മഴ. തുടർന്ന് ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറി. ജീവനക്കാർ മേശ പുറത്ത് കയറി ഇരുന്നുകൊണ്ടാണ് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്
ഷൊർണൂരിൽ മണിക്കൂറുകളായി അതിശക്തമായ മഴയായിരുന്നു. ഇതോടെ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇറിഗേഷൻ ഓഫീസിലും വെള്ളം കയറി. ചെറിയ കുളത്തിന് അടുത്തായാണ് ഇറിഗേഷൻ ഓഫീസ് ഉള്ളത്. ചെറിയ മഴ പെയ്താൽ പോലും സാധാരണയായി ഈ ഓഫീസിലേക്ക് വെള്ളം കയറാറുണ്ട്. അതിശക്തമായ മഴ കൂടി പെയ്തതോടെ ഓഫീസിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയിരിക്കുകയാണ്. രണ്ടടി പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഒരു പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല. ഒരു ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കണം എന്നത് ഇവിടുത്തെ ഉദ്യോഗസ്ഥരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. എന്നാൽ, ഇതുവരെയും വേണ്ട നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എടുത്തിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഓഫീസിനുള്ളിലേക്ക് വെള്ളം കയറിയപ്പോൾ മറ്റ് വഴികളില്ലാതെ ഉദ്യോഗസ്ഥർ മേശപ്പുറത്ത് കയറിയിരുന്നുകൊണ്ടാണ് ഓഫീസിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. മെല്ലെ വെള്ളം താഴും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ